
അലക്സാണ്ടര്‍ ദി ഗ്രേറ്റ് മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നല്ല. ഇതിന്‍റെ കഥ ആരും കേട്ടിട്ടില്ലാത്തതുമല്ല. എന്നാല്‍ ഈ സിനിമയെക്കുറിച്ചുള്ള കേട്ടറിവുകളില്‍ ഉണ്ടായ മുന്‍വിധിയെ തകര്‍ത്തുകളഞ്ഞു സിനിമയുടെ ആഖ്യാനം. കാണികളെ എന്‍റര്‍ടെയ്ന്‍ ചെയ്യുക എന്ന മിനിമം കടമ നിര്‍വഹിക്കുന്നതില്‍ അലക്സാണ്ടര്‍ വിജയമാണ്. മനസ് ഫ്രീയാക്കി, രസകരമായി കണ്ടിരിക്കാവുന്ന ചിത്രമാണ് അലക്സാണ്ടര്‍ ദി ഗ്രേറ്റ്.
‘രാജമാണിക്യം’ എന്ന മമ്മൂട്ടിപ്പടത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന കഥാഗതിയാണ് അലക്സാണ്ടറിന് തുടക്കത്തില്‍. പ്രതാപവര്‍മ എന്ന ദുബായ് ബേസ്ഡ് ബിസിനസ് രാജാവിന്‍റെ മരണമാണ് കഥയുടെ തുടക്കം. വര്‍മ മരിച്ചതോടെ കോടികള്‍ വരുന്ന അയാളുടെ സമ്പത്തിനായി ബന്ധുക്കള്‍ രംഗത്തെത്തുന്നു. വര്‍മയുടെ മകന്‍ മനു(ബാല)വാണ് അന്തമില്ലാത്ത ആ സ്വത്തിനെല്ലാം അവകാശിയെന്ന് കരുതിയിരുന്നവര്‍ക്ക് ഒരു ഷോക്കിംഗ് ന്യൂസാണ് കേള്‍ക്കേണ്ടിവന്നത്. വര്‍മ കോര്‍പറേറ്റ്സ് എന്ന ബിസിനസ് സാമ്രാജ്യവും മറ്റ് സ്വത്തുക്കളും വര്‍മ മറ്റൊരാളുടെ പേരില്‍ എഴുതിവച്ചിരിക്കുകയാണ്. ഏതോ ഒരു അലക്സാണ്ടര്‍ വര്‍മ!
അയാള്‍ ആരാണെന്നുള്ള അന്വേഷണം നമ്മുടെ നായകനിലേക്കെത്തുകയാണ്. കുട്ടിത്തമുള്ള, എന്നാല്‍ വലിയകാര്യങ്ങള്‍ ചിന്തിക്കുന്ന, നിഷ്കളങ്കനായ, എന്നാല്‍ ബുദ്ധിമാനായ ആ കഥാപാത്രമായി സാക്ഷാല്‍ മോഹന്‍ലാല്‍ സ്ക്രീനില്‍ നിറയുന്നു(സ്ക്രീനില്‍ നിറയുക തന്നെയാണ് - ഈ സിനിമയിലെ മോഹന്‍ലാലിന് തടി ഇത്തിരി അധികമാണ്).
അലക്സാണ്ടര്‍ വര്‍മ പിന്നീട് നടത്തുന്ന നീക്കങ്ങളാണ് ഈ സിനിമയുടെ പ്രമേയം. ശത്രുക്കള്‍ ഏറുമ്പോഴും അയാള്‍ കളിക്കുകയാണ്. അലക്സാണ്ടറുടെ മൈന്‍ഡ് ഗെയിമുകള്‍ മറ്റുള്ളവര്‍ക്ക് ചിന്തിക്കാവുന്നതിനും അപ്പുറത്തായിരുന്നു.
രാജമാണിക്യം, ഹലോ, ഫ്ലാഷ് തുടങ്ങിയ മുന്‍കാല ചിത്രങ്ങളുടെ ഓര്‍മ്മയുണര്‍ത്തും പലപ്പോഴും അലക്സാണ്ടര്‍ ദി ഗ്രേറ്റ്. എങ്കിലും വ്യക്ത്വിത്വമുള്ള ഒരു സിനിമയായി വേറിട്ടുനില്‍ക്കാന്‍ അതിനു കഴിയുന്നുണ്ട്. മനസില്‍ തട്ടുന്ന ചില മുഹൂര്‍ത്തങ്ങള്‍ മോഹന്‍ലാല്‍ അപാരമായ മികവോടെ അവതരിപ്പിച്ചിരിക്കുന്നു.
‘വാണ്ടഡ്’ എന്ന തന്‍റെ ആദ്യചിത്രത്തില്‍ നിന്ന് സംവിധായകന്‍ എന്ന നിലയില്‍ ഏറെ മുന്നേറിയ ഒരു മുരളി നാഗവള്ളിയെയാണ് ഈ സിനിമയില്‍ കാണാനാവുക. എങ്കിലും നല്ല ഒരു തിരക്കഥയുടെ അഭാവം ചില രംഗങ്ങളില്‍ ലാഗ് അനുഭവിപ്പിക്കുന്നു.
മോഹന്‍ലാല്‍ തനിക്ക് ലഭിച്ച കഥാപാത്രത്തെ മികവുറ്റതാക്കി. ബാലയും ബാലയുടെ നായികയായി വരുന്ന മീനാക്ഷി ദീക്ഷിതും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു. സിദ്ദിഖ്, ഗണേഷ്, നെടുമുടിവേണു എല്ലാം പതിവുപോലെ. എന്നാല്‍ ജഗദീഷിന്‍റെ കോമഡികള്‍ പലപ്പോഴും ചിരിക്കണോ കരയണോ എന്ന സങ്കീര്‍ണതയിലേക്ക് പ്രേക്ഷകനെ എത്തിക്കുന്നു എന്ന് പറയാതെ വയ്യ.
വില്ലനായി ജോണ്‍ കൊക്കെന്‍ നന്നായി. എടുത്തുപറയേണ്ട ഒരുകാര്യം ബാലയുടെ അമ്മ ഗായത്രി എന്ന കഥാപാത്രമായി വേഷമിട്ട സുധാചന്ദ്രന്‍റെ പ്രകടനമാണ്. ഏറെക്കാലത്തിനു ശേഷമാണ് സുധാചന്ദ്രനെ സ്ക്രീനില്‍ കാണുന്നത്. തനിക്കു ലഭിച്ച വേഷം അനുഗ്രഹീതയായ ആ നടി ഗംഭീരമാക്കി.
ഗിരീഷ് പുത്തഞ്ചേരിയുടെ രചനയില്‍ എം ജി ശ്രീകുമാര്‍ ഈണമിട്ട ഗാനങ്ങളെല്ലാം ശരാശരിയിലും താഴെയാണ്. ചില ഗാനരംഗങ്ങളും കോമഡിരംഗങ്ങളും കുടുംബപ്രേക്ഷകരെ തിയേറ്ററില്‍ നിന്ന് അകറ്റുന്നതിന് കാരണമായേക്കാം. എന്നാല്‍, ഒട്ടേറെ പിഴവുകള്‍ക്കിടയിലും, പ്രേക്ഷകര്‍ക്ക് ബോറടിയില്ലാതെ ആസ്വദിക്കാവുന്ന ചിത്രമാണ് അലക്സാണ്ടര്‍ ദി ഗ്രേറ്റ്. മോഹന്‍ലാലിന്‍റെ കുസൃതി നിറഞ്ഞ നേരമ്പോക്കുകള്‍ പ്രേക്ഷകര്‍ കൈയടിയോടെ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഇടയ്ക്ക് നായകന്‍ നടത്തുന്ന ചില പ്രവചനങ്ങളൊക്കെ ഒഴിവാക്കാമായിരുനു എന്നു തോന്നി.
പോക്കിരിരാജ, കഥ തുടരുന്നു എന്നീ ചിത്രങ്ങളോടാണ് അലക്സാണ്ടര്‍ ദി ഗ്രേറ്റ് മത്സരിക്കുന്നത്. ബോക്സോഫീസ് വിജയം ഇപ്പോള്‍ പ്രവചിക്കാനാവില്ല.
Saturday, May 8, 2010
Alexander The Great -- Review
Posted by sajeevsoman at 6:49 PM 0 comments
Labels: Malayalam Film news(Malayalam font), Mohanlal, Reviews
Monday, March 1, 2010
ചാനലുകള്‍ക്ക് ഇന്നച്ചന്‍റെ കൊട്ട്!
“ഇപ്പോ എല്ലാം ടിവിയില്‍ പറയുന്ന ഏര്‍പ്പാടാണ്. അനിയന്‍ ജ്യേഷ്ഠനോട് പറയാനുള്ളതും അച്ചന്‍ മകനോട് പറയാനുള്ളതും എല്ലാം ടിവിയില്‍ കൂടി പറയുന്ന സ്ഥിതിയാണ്“ താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റും മലയാളിയുടെ പ്രിയനടനുമായ ഇന്നസെന്‍റിന്‍റേതാണ് വാക്കുകള്‍. തിലകനെതിരെ സ്വീകരിച്ച അച്ചടക്ക സമിതി തീരുമാനങ്ങള്‍ വിശദീകരിക്കവേ ആണ് ഇന്നസെന്‍റ് മലയാളത്തിലെ വാര്‍ത്താ ചാനലുകള്‍ക്ക് നര്‍മ്മത്തില്‍ കലര്‍ന്ന ഒരു കൊട്ടു നല്‍കിയത്.
കുടുംബക്കാരെ ടിവിയിലൂടെ കല്യാണത്തിനു വിളിക്കുന്ന സ്ഥിതി വരെയെത്തിയെന്ന് ഇന്നസെന്‍റ് പറഞ്ഞു. “ദേ കല്യാണത്തിന് വന്നേക്കൂട്ടോ” എന്ന് പറഞ്ഞ് ചാനലുകള്‍ക്ക് മുന്നില്‍ തനി ഇന്നച്ചന്‍ സ്റ്റൈലിലുള്ള ഡയലോഗും അദ്ദേഹം വീശി. ചാനലുകള്‍ക്ക് ഇപ്പോള്‍ സന്തോഷമാണെന്നും അമ്മ-തിലകന്‍ വിവാദം തീര്‍ന്നാല്‍ എന്തുചെയ്യുമെന്നുള്ള വിഷമത്തിലാണ് പലരുമെന്നും ഇന്നസെന്‍റ് തമാശരൂപേണ കൂട്ടിച്ചേര്‍ത്തു.
പ്രശ്നം പരിഹരിച്ചാല്‍ വിഷമിക്കേണ്ടെന്നും പകരം എന്തെങ്കിലും വിഷയങ്ങള്‍ സംഘടിപ്പിച്ചുതരാമെന്നും ചാനലുകള്‍ക്ക് വാക്കുനല്‍കാനും ഇന്നസെന്‍റ് മറന്നില്ല. വാര്‍ത്താസമ്മേളനത്തിന്‍റെ ഒടുവില്‍ “സമയം കളയാതെ നിങ്ങളിതൊക്കെ കൊണ്ട് വേവിച്ചേ” എന്ന ഡയലോഗും മാധ്യമപ്രവര്‍ത്തകരില്‍ ചിരി പടര്‍ത്തി.
കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇന്നസെന്‍റ് തിലകന്‍ വിവാദത്തില്‍ വാര്‍ത്താചാനലുകളുടെ അതിരുകവിഞ്ഞ ഇടപെടല്‍ പരാമര്‍ശിച്ചിരുന്നു. ഇപ്പോ കാര്യങ്ങള്‍ പറയാന്‍ പേടിയാണെന്ന പരിഭവത്തോടെയായിരുന്നു ഇന്നസെന്‍റ് അന്ന് ചാനലുകള്‍ക്കെതിരെ ഒളിയമ്പ് എയ്തത്. തിലകനും അമ്മയും തമ്മിലുള്ള വിവാദം വാര്‍ത്താചാനലുകളാണ് വഷളാക്കിയതെന്ന് അമ്മയ്ക്കകത്തും അഭിപ്രായമുണ്ട്.
Posted by saji at 6:46 PM 0 comments
Labels: Latest Film News, Malayalam Film news(Malayalam font)
തിലകന് ‘അമ്മ’യുടെ സസ്പെന്‍ഷന്‍
നടന്‍ തിലകനെ ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇന്നു ചേര്‍ന്ന ‘അമ്മ’ അച്ചടക്കസമിതി യോഗത്തിലാണ് തീരുമാനം. പ്രഥമദൃഷ്ട്യാ തിലകനെ അംഗത്വ അവകാശങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണെന്ന് അമ്മ അച്ചടക്കസമിതി അധ്യക്ഷന്‍ ടി പി മാധവന്‍ അറിയിച്ചു. തിരുവനന്തപുരത്ത് ‘അമ്മ’ അച്ചടക്കസമിതിയുടെ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ച്ച് എട്ടാം തീയതിക്കു മുമ്പായി തിലകന്‍ അമ്മയ്ക്കു മറുപടി നല്കണമെന്നും അദ്ദേഹം പറഞ്ഞു. തിലകന്‍റെ പരസ്യപ്രസ്താവനകള്‍ അസഹനീയമാണെന്ന് യോഗം വിലയിരുത്തി. പ്രശ്നങ്ങള്‍ അമ്മയുടെ വേദിയില്‍ തിലകന്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്ന് ‘അമ്മ’ പ്രസിഡന്‍റ് ഇന്നസെന്‍റ് പറഞ്ഞു.
തിലകന്‍ സഹകരിക്കാതെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനാകില്ല. നടന്മാര്‍ക്ക് അവസരങ്ങള്‍ കുറയുന്നത് സ്വാഭാവികമാണെന്നും ഇന്നസെന്‍റ് പറഞ്ഞു. സുകുമാര്‍ അഴീക്കോടിനെക്കുറിച്ച് താന്‍ പറഞ്ഞതെല്ലാം സത്യമാണെന്നും അഴീക്കോടിന്‍റെ വിമര്‍ശനങ്ങളില്‍ അദ്ഭുതമില്ലെന്നും ഇന്നസെന്‍റ് പറഞ്ഞു. ഇടവേള ബാബു, ജനാര്‍ദ്ദനന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Posted by saji at 6:39 PM 0 comments
Labels: Latest Film News, Malayalam Film news(Malayalam font), Thilakan
